ഓസ്‌കര്‍ നോമിനേഷന്: ജയ് ഭീമും മരയ്ക്കാറും പരിഗണന പട്ടികയില്‍
'ജയ് ഭീം', 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്നീ സിനിമകള്‍ ഓസ്‌കര്‍ നോമിനേഷനുള്ള പരിഗണന പട്ടികയില്‍. മികച്ച ഫീച്ചര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഈ സിനിമകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 276 ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ജനുവരി 27 നാണ് നോമിനേഷനുള്ള വോട്ടിങ് തുടങ്ങുക. ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഫെബ്രുവരി 8 നാണ് നോമിനേഷനില്‍ ഇടം നേടിയ ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിക്കുക. മാര്‍ച്ച് 27 നാണ് 94-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം.
സൂര്യ നായകനായ ചിത്രമാണ് ജയ് ഭീം. അതേസമയം മോഹന്‍ലാലാണ് മരയ്ക്കാറിലെ പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കിയിരിക്കുന്നത്. ജാതിയുടെ പേരില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നിരന്തരം നേരിടേണ്ടി വന്ന ദളിത് വിഭാഗത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കലടിലന്റെ സിംഹം.നൂറുകോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു.